വേടൻ വീണ്ടും പാടട്ടെ,
പാട്ടിൽ പൊരുളായ്
ശരിമയുടെ തോന്നലുരുവായ്—
താളമിടട്ടെ ഹൃദയങ്ങൾ!
കുഴിമന്തി, ഷവർമ്മയോ
നിറപ്പകിട്ടുള്ള സദ്യ,
മധുരത്തിൽ മുഴുകുന്ന പായസം,
പൊറോട്ട-ബീഫിൻ്റെ ചേർച്ച
തൈര് സാദം, മസാല ദോശ—
രുചി തോന്നുന്നത് കഴിക്കട്ടെ,
മാനവരാസ്വദിക്കട്ടെ ജീവിതം!
"ഞങ്ങൾക്കിഷ്ടം മാത്രം
നിങ്ങൾ പാടുക, തിന്നുക, ചിന്തിക്കുക"
എന്ന് കല്പിക്കുന്ന ജൈവമാലിന്യങ്ങൾ
മാലിന്യച്ചാലിലൂടെ ഒഴുകി
സംസ്കരണപ്ലാന്റിൽ എത്തട്ടെ.
അൽപ്പം ഇനോക്കുലം ചേർത്തുകൊടുക്കാം,
ബാക്ടീരിയയുടെ കരളിൽ
ജീർണ്ണിച്ചു മണ്ണിന്
സമ്പുഷ്ട വളമായ് മാറട്ടെ!
പുത്തൻ തളിരുകൾക്ക് ധീരമായ്
ആ വളം ചേർക്കാം—
വസന്തം തളിർക്കുമ്പോൾ,
പൂക്കൾ വിടരുമ്പോൾ,
അവയെ പഠിപ്പിക്കാം:
"എങ്ങനെ ചീഞ്ഞതിൽ നിന്നൊരു ലോകം
തളിർക്കുന്നു എന്ന്!"